Jeremiah 46

ഈജിപ്റ്റിനെക്കുറിച്ചുള്ള ഒരു സന്ദേശം

1രാഷ്ട്രങ്ങളെക്കുറിച്ച് യിരെമ്യാപ്രവാചകനുണ്ടായ യഹോവയുടെ അരുളപ്പാട് ഇവയാണ്:

2ഈജിപ്റ്റിനെക്കുറിച്ചുള്ളത്:

യെഹൂദാരാജാവായ യോശിയാവിന്റെ മകനായ യെഹോയാക്കീമിന്റെ നാലാമാണ്ടിൽ യൂഫ്രട്ടീസ് നദീതീരത്തുള്ള കർക്കെമീശിൽവെച്ച് ബാബേൽരാജാവായ നെബൂഖദ്നേസരിനാൽ തോൽപ്പിക്കപ്പെട്ടതും ഈജിപ്റ്റുരാജാവായ ഫറവോൻ നെഖോവിന്റേതുമായ സൈന്യത്തിനെതിരേയുള്ള അരുളപ്പാടുതന്നെ:

3“പരിചയും കവചവും ഒരുക്കിക്കൊണ്ടു
യുദ്ധത്തിന് അണിനിരക്കുക!
4ആൺകുതിരകളെ യുദ്ധസജ്ജമാക്കുക,
അതിന്മേൽ ആരൂഢരാകുക!
ശിരോകവചമണിഞ്ഞ്
അണിനിരക്കുക!
കുന്തങ്ങൾ മിനുക്കി
കവചം ധരിക്കുക!
5ഞാൻ എന്താണ് കാണുന്നത്?
അവർ ഭയന്നുവിറച്ചിരിക്കുന്നു,
അവരുടെ ധീരരായ സൈനികർ
തോറ്റു പിൻവാങ്ങുന്നു.
അവർ തിരിഞ്ഞുനോക്കാതെ
പലായനംചെയ്യുന്നു.
സർവത്ര ഭീതി,”
എന്ന് യഹോവയുടെ അരുളപ്പാട്.
6“ഏറ്റവും വേഗമുള്ളവർക്കു പലായനംചെയ്യുന്നതിനോ
ശക്തരായവർക്കു രക്ഷപ്പെടുന്നതിനോ കഴിയുന്നില്ല.
വടക്ക് യൂഫ്രട്ടീസ് നദീതീരത്ത്
അവർ കാലിടറി നിലംപൊത്തുന്നു.

7“നൈൽനദിപോലെ പൊങ്ങുകയും
അലറിപ്പായുന്ന നദിപോലെ മുന്നേറുകയും ചെയ്യുന്ന ഇവനാര്?
8ഈജിപ്റ്റ് നൈൽനദിപോലെ പൊങ്ങുന്നു,
കുതിച്ചുയരുന്ന വെള്ളമുള്ള നദികൾപോലെതന്നെ.
അവൾ പറയുന്നു, ‘ഞാൻ പൊങ്ങിച്ചെന്ന് ഭൂമിയെ മൂടും;
നഗരങ്ങളെയും അതിലെ ജനത്തെയും ഞാൻ നശിപ്പിക്കും.’
9കുതിരകളേ, കുതിക്കുക!
രഥങ്ങളേ, ഇരച്ചുകയറുക!
യോദ്ധാക്കളേ, അണിയണിയായി മുന്നേറുക—പരിചയേന്തുന്ന കൂശ്യരും പൂത്യരും
വില്ലുകുലയ്ക്കുന്ന ലൂദ്യാ പുരുഷന്മാരുംതന്നെ.
10എന്നാൽ ആ ദിവസം സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റേതാകുന്നു—
ഒരു പ്രതികാരദിവസം തന്റെ ശത്രുക്കളോടു പ്രതികാരംചെയ്യുന്ന ദിവസംതന്നെ.
വാൾ തൃപ്തിയാകുവോളം ആഹരിക്കും
ദാഹശമനം വരുംവരെ രക്തം കുടിക്കും.
ഈ നരസംഹാരം വടക്കേ ദേശത്തിൽ യൂഫ്രട്ടീസ് നദീതീരത്ത്
സൈന്യങ്ങളുടെ യഹോവയായ കർത്താവിനുള്ള ഒരു യാഗം അർപ്പണമാണല്ലോ.

11“കന്യകയായ ഈജിപ്റ്റിൻ പുത്രീ,
ഗിലെയാദിൽ ചെന്നു തൈലം വാങ്ങുക.
എന്നാൽ നീ വ്യർഥമായി ഔഷധങ്ങൾ വർധിപ്പിക്കുന്നു;
നിനക്കു രോഗശാന്തി ഉണ്ടാകുകയില്ല.
12രാഷ്ട്രങ്ങൾ നിന്റെ ലജ്ജയെക്കുറിച്ചു കേൾക്കും;
നിന്റെ നിലവിളിയാൽ ഭൂമി നിറയും.
ഒരു യോദ്ധാവ് മറ്റൊരു യോദ്ധാവിങ്കൽ ഇടറിവീഴും;
ഇരുവരും ഒന്നിച്ചു വീണുപോകും.”
13ബാബേൽരാജാവായ നെബൂഖദ്നേസർ ഈജിപ്റ്റിനെ ആക്രമിക്കാൻ വരുന്നതിനെക്കുറിച്ച് യിരെമ്യാപ്രവാചകനോടു യഹോവ കൽപ്പിച്ച അരുളപ്പാട് ഇതാണ്:

14“ഈജിപ്റ്റിൽ ഇതു പ്രസ്താവിക്കുക, മിഗ്ദോലിൽ ഇതു വിളംബരംചെയ്യുക;
നോഫിലും തഹ്പനേസിലും ഇതു പ്രസിദ്ധമാക്കുക:
‘വാൾ നിങ്ങൾക്കു ചുറ്റുമുള്ളവരെ വിഴുങ്ങിക്കളഞ്ഞിരിക്കുകയാൽ
അണിനിരന്ന് ഒരുങ്ങിനിൽക്കുക.’
15നിന്റെ യോദ്ധാക്കൾ മുഖംപൊത്തി വീഴുന്നത് എന്തുകൊണ്ട്?
യഹോവ അവരെ തള്ളിയിട്ടതുകൊണ്ട് അവർക്കു നിൽക്കാൻ കഴിയുന്നില്ല.
16അവർ വീണ്ടും വീണ്ടും ഇടറിവീഴും;
ഒരാൾ മറ്റൊരാളിന്റെമേൽ വീഴും.
അപ്പോൾ അവർ, ‘എഴുന്നേൽക്കുക, നമുക്കു മടങ്ങിപ്പോകാം
പീഡിപ്പിക്കുന്നവന്റെ വാളിൽനിന്നൊഴിഞ്ഞ്
നമ്മുടെ ജനത്തിന്റെ അടുക്കലേക്കും സ്വന്തം ദേശത്തേക്കും പോകാം,’ എന്നു പറയും.
17അവിടെവെച്ച് അവർ വിളിച്ചുപറഞ്ഞു:
‘ഈജിപ്റ്റുരാജാവായ ഫറവോൻ ഒരു ബഹളക്കാരൻമാത്രം;
അദ്ദേഹം തന്റെ അവസരം നഷ്ടപ്പെടുത്തിക്കളഞ്ഞു.’

18“ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു,
പർവതങ്ങളുടെ ഇടയിൽ താബോർപോലെയും
സമുദ്രതീരത്തെ കർമേൽപോലെയും ഒരുവൻ വരും,”
എന്ന് സൈന്യങ്ങളുടെ യഹോവ എന്നു പേരുള്ള രാജാവ് പ്രഖ്യാപിക്കുന്നു.
19“ഈജിപ്റ്റിൽ വസിക്കുന്ന പുത്രീ,
പ്രവാസത്തിലേക്കു പോകാൻ ഭാണ്ഡം മുറുക്കുക,
കാരണം നോഫ് ശൂന്യമാക്കപ്പെടുകയും
നിവാസികളില്ലാതെ തകർന്നടിയുകയും ചെയ്യും.

20“ഈജിപ്റ്റ് അഴകുള്ള ഒരു പശുക്കിടാവാകുന്നു,
എന്നാൽ ചോര കുടിക്കുന്ന ഒരു ഈച്ച
വടക്കുനിന്നു പറന്നുവന്ന് അതിന്റെമേൽ ഇരിക്കും.
21അവളുടെ മധ്യേയുള്ള കൂലിപ്പട്ടാളക്കാർ
തടിപ്പിച്ച കാളക്കിടാങ്ങളെപ്പോലെ.
അവരും ഒന്നുചേർന്നു പിന്തിരിഞ്ഞ് ഓടിപ്പോകും;
അവരുടെ ശിക്ഷാസമയമായ
നാശദിവസം വരുന്നതുമൂലം
അവർ ഉറച്ചുനിൽക്കുകയില്ല.
22ശത്രു ശക്തിയോടെ മുന്നേറുമ്പോൾ;
മരംവെട്ടുകാരെപ്പോലെ
മഴുവുമായി അവർ അവൾക്കെതിരേ വന്നടുക്കും.
അപ്പോൾ ഈജിപ്റ്റ് ഓടിപ്പോകുന്ന പാമ്പിനെപ്പോലെ ചീറ്റും.
23അവളുടെ വനം അവർ വെട്ടിനശിപ്പിക്കും;
അത് എത്ര നിബിഡമായിരുന്നാലും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു,
“അവർ വെട്ടുക്കിളികളെക്കാൾ അസംഖ്യം
അവരെ എണ്ണി തിട്ടപ്പെടുത്താൻ കഴിയില്ല.
24ഈജിപ്റ്റുപുത്രി ലജ്ജിതയായിത്തീരും,
ഉത്തരദേശത്തെ ജനങ്ങളുടെ കൈയിൽ അവൾ ഏൽപ്പിക്കപ്പെടും.”
25ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ നോവിലെ ആമോനെയും ഫറവോനെയും ഈജിപ്റ്റിനെയും അവളുടെ ദേവതകളോടും രാജാക്കന്മാരോടുംകൂടെ ശിക്ഷിക്കും; ഫറവോനെയും അവനിൽ ആശ്രയിക്കുന്ന എല്ലാവരെയുംതന്നെ. 26അവർക്കു ജീവഹാനി വരുത്താൻ ആഗ്രഹിക്കുന്നവരുടെ കൈയിലും ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും അവന്റെ ദാസന്മാരുടെ കൈയിലും ഞാൻ അവരെ ഏൽപ്പിക്കും. അതിനുശേഷം പൂർവകാലത്തെന്നപോലെ അവിടെ നിവാസികൾ ഉണ്ടാകും,” എന്ന് യഹോവയുടെ അരുളപ്പാട്.

27“എന്റെ ദാസനായ യാക്കോബേ, നീ ഭയപ്പെടേണ്ട;
ഇസ്രായേലേ, നീ പരിഭ്രമിക്കേണ്ടാ.
ഞാൻ നിങ്ങളെ ദൂരത്തുനിന്നു രക്ഷിക്കും;
നിങ്ങളുടെ സന്തതികളെ അവർ പ്രവാസത്തിലിരിക്കുന്ന രാജ്യത്തുനിന്നും.
യാക്കോബ് മടങ്ങിവന്നു ശാന്തമായും സുരക്ഷിതമായും ജീവിക്കും,
ആരും അവരെ ഭയപ്പെടുത്തുകയില്ല.
28എന്റെ ദാസനായ യാക്കോബേ, നീ ഭയപ്പെടരുത്,
കാരണം ഞാൻ നിന്നോടുകൂടെയുണ്ട്,”
എന്ന് യഹോവയുടെ അരുളപ്പാട്.
“ഞാൻ നിങ്ങളെ ചിതറിച്ചുകളഞ്ഞ സകലരാജ്യങ്ങളെയും
പൂർണമായും നശിപ്പിച്ചുകളയുമെങ്കിലും
നിന്നെ ഞാൻ നിശ്ശേഷം നശിപ്പിക്കുകയില്ല.
ഞാൻ നിന്നെ ശിക്ഷിക്കും, ന്യായമായിമാത്രം;
ഞാൻ നിന്നെ തീരെ ശിക്ഷിക്കാതെ വിടുകയില്ലതാനും.”
Copyright information for MalMCV